
കൊമേഴ്സ് വിദ്യാർത്ഥികൾ സാമ്പത്തിക സാക്ഷരത നേടേണ്ടതിൻ്റെ പ്രാധാന്യം
2024-2025 കാലയളവിൽ നടന്ന ചില സാമ്പത്തിക സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ സാമ്പത്തിക സാക്ഷരതാ നിരക്ക് 23%-ത്തിനും 27%-ത്തിനും ഇടയിലാണെന്നാണ്. ഇത് ആഗോള ശരാശരിയായ 42%-ത്തേക്കാൾ വളരെ കുറവാണ്. 82% ഇന്ത്യക്കാരും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ,31% ആളുകൾക്ക് മാത്രമേ അവയുമായി ബന്ധപ്പെട്ട അപകട സാധ്യതകളെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും അവബോധമുള്ളൂ എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി യുവാക്കളുടെ കണക്കുകളിലേക്ക് വരികയാണെങ്കിൽ വെറും 16.7% ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമേ ധനകാര്യത്തെക്കുറിച്ചും പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും അടിസ്ഥാന ധാരണയുള്ളൂ.
കോമേഴ്സ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ സാമ്പത്തിക സാക്ഷരതാ നേടുന്നതും സാമ്പത്തിക അച്ചടക്കം പരിശീലിക്കുന്നതും ജോലിയിലും വ്യക്തി ജീവിതത്തിലും അവർക്ക് ഗുണകരമാകും. കൂടാതെ ബിസിനസിലേക്ക് തിരിയണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ മുതൽക്കൂട്ടായിരിക്കും. ഇത്തരത്തിൽ കരിയർ, വ്യക്തിഗത ധനകാര്യം, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട് കോമേഴ്സ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരത എത്രത്തോളം ആവശ്യമാണെന്ന് നമുക്ക് പരിശോധിക്കാം;
ഉള്ളടക്കം
1. എന്താണ് സാമ്പത്തിക സാക്ഷരത?
2. ഇന്ത്യയിലെ സാമ്പത്തിക സാക്ഷരതാ വിടവ്
3. കൊമേഴ്സ് വിദ്യാർത്ഥികൾ സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യം
3.1 കരിയർ സാധ്യതകൾ മെച്ചപ്പെടുത്തൽ
3.2 വ്യക്തിഗത ധനകാര്യത്തിൽ വൈദഗ്ദ്ധ്യം നേടൽ
3.3 സംരംഭകത്വത്തിനുള്ള കഴിവുകൾ വളർത്തിയെടുക്കാം
3.4 സമ്പദ് വ്യവസ്ഥയിലെ പുത്തൻ പ്രവണതകൾ
4. സാമ്പത്തിക സാക്ഷരത വളർത്താനുള്ള വഴികൾ
1. എന്താണ് സാമ്പത്തിക സാക്ഷരത?
ബജറ്റിംഗ്, നിക്ഷേപം, കടമെടുക്കൽ, നികുതി, വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോഗിക്കുന്നതിനുമുള്ള കഴിവും ധാരണയുമാണ് സാമ്പത്തിക സാക്ഷരത. കൊമേഴ്സ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ ധാരണ വളരെ പ്രധാനപ്പെട്ടതാണ്. കാരണം വ്യക്തിപരവും പ്രൊഫഷണലുമായ മേഖലകളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ ഈ അറിവ് വ്യക്തികളെ പ്രാപ്തരാക്കുന്നു.
2. ഇന്ത്യയിലെ സാമ്പത്തിക സാക്ഷരതാ വിടവ്
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ആഗോള ശരാശരിയേക്കാൾ കുറവാണ് ഇന്ത്യയിലെ സാമ്പത്തിക സാക്ഷരത. 2023-ലെ ഒരു സർവ്വേയിൽ കണ്ടെത്തിയത് 45% ഇന്ത്യക്കാർക്കും ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെന്നും, ഇത് ഡിജിറ്റൽ സാക്ഷരതാ വിടവ് വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
3. കൊമേഴ്സ് വിദ്യാർത്ഥികൾ സാമ്പത്തിക സാക്ഷരത കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യം
3.1 കരിയർ സാധ്യതകൾ മെച്ചപ്പെടുത്തൽ
ധനകാര്യത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പ്രവേശന പരീക്ഷകൾ പാസ്സാകുന്നതിലും അഭിമുഖങ്ങളിൽ മുന്നിൽ എത്തുന്നതിലും വിദ്യാർത്ഥികൾക്ക് മുൻതൂക്കം നൽകുന്നു. ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ നിയോഗിച്ച ഒരു പഠനത്തിൽ പറയുന്നത്, ചെറുകിട ബിസിനസ് പരാജയങ്ങളിൽ 82 ശതമാനവും മോശം സാമ്പത്തിക മാനേജ്മെന്റുമായി ബന്ധപ്പെട്ടതാണെന്നാണ്. ധനകാര്യത്തെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായ അറിവ് സാമ്പത്തിക വിഭവങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിനും സഹായിക്കുന്നു. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളും ബജറ്റുകളും വായിച്ച് മനസ്സിലാക്കാനും വിപണി പാറ്റേണുകൾ വിശകലനം ചെയ്യാനും കഴിയുന്ന വിദ്യാർത്ഥികൾക്ക് ബാങ്കിംഗ്, കോർപ്പറേറ്റ്, ധനകാര്യ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഇന്ന് ലഭ്യമാണ്.
സാമ്പത്തിക സാക്ഷരതാ നേടിയെടുത്ത ഒരു വിദ്യാർത്ഥിക്ക് എങ്ങനെയാണ് മികച്ച കരിയർ നേടാൻ സാധിക്കുക എന്ന് നമുക്ക് വിശദമായി പരിശോധിക്കാം; ധനകാര്യ മാനേജ്മെന്റിനെപ്പറ്റി വ്യക്തമായ ധാരണയുള്ള ഒരു വിദ്യാർത്ഥിക്ക് ഡാറ്റ വിശകലനം ചെയ്യാനും പെട്ടെന്ന് ശരിയായ തീരുമാനങ്ങളിൽ എത്താനും കഴിയുന്നു. ബജറ്റിങ്ങിനെക്കുറിച്ചും സാമ്പത്തിക പ്രവണതകളെക്കുറിച്ചുമുള്ള ശരിയായ ധാരണ മാനേജ്മെൻറ് പ്രൊഫെഷണിൽ ചെയ്യുന്നു. കൂടാതെ അഭിമുഖത്തിലും സ്ക്രീനിംഗ് പ്രക്രിയയിലും മറ്റും സാമ്പത്തിക പരിജ്ഞാനം വിദ്യാർത്ഥികൾക്ക് മുൻതൂക്കം നൽകുന്നു.
3.2 വ്യക്തിഗത ധനകാര്യത്തിൽ വൈദഗ്ദ്ധ്യം നേടുക
സാമ്പത്തിക സാക്ഷരതയും അതിലൂടെ കൈവരുന്ന സാമ്പത്തിക അച്ചടക്കവും കരിയറിലും ജോലിയിലും മാത്രമല്ല വ്യക്തി ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. ഉദാഹരണത്തിന് പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിവുള്ള ഒരു വിദ്യാർത്ഥിക്ക് സാമ്പത്തിക അച്ചടക്കത്തോടെ ഭാവി കാര്യങ്ങളിലും തീരുമാനമെടുക്കാൻ സാധിക്കുന്നു.
- സ്മാർട്ട് ബജറ്റിംഗ്: ചെലവുകൾ നിയന്ത്രിക്കുന്നതും സമ്പാദ്യ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതും സ്ഥിരത നൽകുന്നു, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.
- കടം വാങ്ങുന്നതിനെക്കുറിച്ചുള്ള ശരിയായ ധാരണ: വായ്പകളെയും അതിൻ്റെ പലിശയെയും കുറിച്ചുള്ള ശരിയായ ധാരണ സാമ്പത്തിക അസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നു.
- നിക്ഷേപ പരിജ്ഞാനം: ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന ധാരണ ദീർഘകാലാടിസ്ഥാനത്തിൽ പണം നിക്ഷേപിക്കുന്നതിനും അതുവഴി ഭാവി സുരക്ഷിതമാക്കുന്നതിലേക്കും നയിക്കുന്നു.
- സമ്മർദ്ദം കുറയ്ക്കാനുള്ള വഴി: സാമ്പത്തികമായി നിങ്ങൾ എവിടെ നിൽക്കുന്നു എന്ന അറിവ് സമ്മർദ്ദം ലഘൂകരിക്കുന്നതിനും ചെലവുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
3.3 സംരംഭകത്വത്തിനുള്ള കഴിവുകൾ വളർത്തിയെടുക്കാം
പത്താം ക്ലാസ് കഴിഞ്ഞ് കോമേഴ്സ് എടുക്കുന്ന പകുതിയിലധികം കുട്ടികളുടെയും ആഗ്രഹം എന്തെങ്കിലും ബിസിനസ് ആരംഭിക്കണമെന്നായിരിക്കും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള അറിവും അത് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യവും ഭാവിയിൽ നല്ല സംരംഭകരാകാനുള്ള അവസരം അവർക്ക് പ്രദാനം ചെയ്യുന്നു. ഭാവിയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നേട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം:
- പ്രായോഗിക ബിസിനസ്സ് ആസൂത്രണം: സ്വന്തം ചെലവുകളും ലാഭവും മനസ്സിലാക്കുന്നതും ഫണ്ടിംഗ് എവിടെ നിന്ന് കണ്ടെത്താം എന്ന് തീരുമാനിക്കുന്നതുമാണ് ഏതൊരു ബിസിനസ്സ് ആസൂത്രണത്തിൻറെയും ആദ്യപടി.
- ഇൻഫോർമേഷണൽ ക്യാഷ് മാനേജ്മെന്റ്: ഒരു സുസ്ഥിരമായ ബിസിനസ്സ് എപ്പോഴും ഒരു ക്യാഷ് ഫ്ലോ നിലനിർത്തിയിരിക്കണം.
- റിസ്ക് മാനേജ്മെന്റ്: നിങ്ങളുടെ സംരഭത്തിൻ്റെ ധനകാര്യം എങ്ങനെ മാനേജ് ചെയ്യണം എന്ന് മനസ്സിലാക്കുന്നതിലൂടെ ഭാവിയിൽ വരാനിരിക്കുന്ന വെല്ലുവിളികളെ മുൻകൂട്ടി കാണാനും അതിനനുസൃതമായ സുരക്ഷിത തീരുമാനങ്ങളിൽ ഏതാനും സഹായിക്കുന്നു.
3.4 സമ്പദ് വ്യവസ്ഥയിലെ പുത്തൻ പ്രവണതകൾ
പുതിയ ബാങ്കിംഗ്, ഫിൻടെക് മോഡലുകളും ക്രിപ്റ്റോകറൻസികൾ പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ ആമുഖവും സാമ്പത്തിക മേഖലയുടെ ദ്രുതഗതിയിലുള്ള വികാസത്തിന് കാരണമായി. സാമ്പത്തിക സാക്ഷരതയുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ പുതിയ പരിവർത്തനങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാൻ അവർക്ക് എളുപ്പമായിരിക്കും.
ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ, ഓൺലൈൻ നിക്ഷേപങ്ങൾ, മൊബൈൽ ഫിനാൻസ് ആപ്പുകൾ എന്നിവ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക എന്നത് വളരെ പ്രധാനമാണ്. കൂടാതെ ഓൺലൈൻ പണമിടപാട് തട്ടിപ്പുകളെക്കുറിച്ചും മറ്റുമുള്ള അറിവ് ഇത്തരം വഞ്ചനകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.
4. സാമ്പത്തിക സാക്ഷരത വളർത്താനുള്ള വഴികൾ
- ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുക: പത്രങ്ങളിൽ വരുന്ന ധനകാര്യവുമായി ബന്ധപ്പെട്ട വാർത്തകൾ, ഫിനാൻഷ്യൽ മാസികകൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ വായിച്ച് അവലോകനം ചെയ്യുന്നതിലൂടെ, വിപണികളിലെയും സമ്പദ്വ്യവസ്ഥയിലെയും പ്രവണതകളെക്കുറിച്ചുള്ള സമകാലികമായ അറിവുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
- സാമ്പത്തിക സെമിനാറുകളിൽ പങ്കെടുക്കുക: വിവിധ സംഘടനകളും സർവകലാശാലകളും മറ്റും സംഘടിപ്പിക്കുന്ന സാമ്പത്തിക സെമിനാറുകൾ, വർക്ക് ഷോപ്പുകൾ എന്നിവയിൽ പങ്കെടുക്കുന്നതിലൂടെ വിദഗ്ധരുമായി സംവദിക്കാനും പുതിയ അറിവുകൾ സ്വായത്തമാക്കാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നു.
- ഓൺലൈൻ കോഴ്സുകൾ എടുക്കുക: സമ്പദ് വ്യവസ്ഥയിലെ പുതിയ കാര്യങ്ങളെക്കുറിച്ച് അറിവ് നേടുന്നതിനായി നിരവധി ഓൺലൈൻ കോഴ്സുകൾ ഇന്ന് ലഭ്യമാണ്. സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്ചൽ ഫണ്ട്, ക്രിപ്റ്റോ കറൻസി തുടങ്ങിയ പുതിയ സാധ്യതകളെപ്പറ്റിയുള്ള അറിവ് വളരെ പ്രധാനമാണ്.
- വ്യക്തിഗത ബജറ്റിംഗും സമ്പാദ്യവും ആരംഭിക്കുക: സ്വന്തം വ്യക്തിഗത ബജറ്റിംഗും സമ്പാദ്യ തന്ത്രങ്ങളും പരിശീലിക്കുന്നതുവഴി അത് സ്വജീവിതത്തിലും കരിയറിലും പ്രയോഗിക്കാൻ കഴിയുന്നു.
5. സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഭാവിക്കായ് തയ്യാറെടുക്കാം!
സാമ്പത്തിക സാക്ഷരത കൈവരിക്കുക എന്നത് ഏതൊരു പൗരൻറെയും കടമയാണ്. എന്നാൽ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ഭാവി സുരക്ഷിതമാക്കാനും നല്ലൊരു ജീവിതം നേടിയെടുക്കാനും ഏവർക്കും സാധിക്കൂ. പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായ അറിവുള്ളവർക്ക് മാത്രമേ സാമ്പത്തിക അച്ചടക്കത്തോടെ പണം ചെലവഴിക്കാനാകൂ. ഒരു വ്യക്തിയുടെ സാമ്പത്തിക പുരോഗതി ഒരു സമൂഹത്തിൻ്റെ സാമ്പത്തിക പുരോഗതിക്ക് കാരണമാകുകയും അതുവഴി ദേശീയ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
6. Frequently asked questions
1. സാമ്പത്തിക സാക്ഷരതയുടെ 7 അടിസ്ഥാന തത്വങ്ങൾ ഏതൊക്കെയാണ് ?
സമ്പാദിക്കുക, ചെലവാക്കുക, ലാഭിക്കുക, നിക്ഷേപിക്കുക, വിവേകപൂർവ്വം കടം വാങ്ങുക, സംരക്ഷിക്കുക, ആസൂത്രണം ചെയ്യുക എന്നീ 7 അടിസ്ഥാന തത്വങ്ങൾ പണം ഫലപ്രദമായി കൈകാര്യം ചെയ്യാനും മികച്ച സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നു.
2. സാമ്പത്തിക സാക്ഷരതയുടെ 5 C-കൾ എന്തൊക്കെയാണ്?
Character, Capacity, Capital, Collateral, Conditions എന്നിവയാണ് ഫിനാൻഷ്യൽ ഹെൽത്തിൻറെയും കടം വാങ്ങണോ എന്ന് തീരുമാനിക്കുന്നതിൻെറയും അടിസ്ഥാനം.
3. സാമ്പത്തിക സാക്ഷരത ACCA വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിലും കരിയറിലും എങ്ങനെ പ്രയോജനം ചെയ്യുന്നു?
സാമ്പത്തിക സാക്ഷരതയുള്ള ACCA വിദ്യാർത്ഥികൾക്ക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളും കോർപ്പറേറ്റ് ധനകാര്യം കൃത്യമായി മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട പരീക്ഷാ ഫലങ്ങൾക്കും ധനകാര്യത്തിലും അക്കൗണ്ടിംഗിലും മെച്ചപ്പെട്ട കരിയർ സാധ്യതകൾക്കും കാരണമാകുന്നു.
4. മാനേജ്മെന്റ് അക്കൗണ്ടിംഗിൽ വിജയിക്കാൻ CMA പ്രൊഫഷണലുകൾക്ക് സാമ്പത്തിക സാക്ഷരത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
മികച്ച ബജറ്റുകൾ സൃഷ്ടിക്കാനും ചെലവ് വിശകലനങ്ങൾ നടത്താനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്നതിനാൽ, മാനേജ്മെന്റ് അക്കൗണ്ടിംഗിൽ വിജയം നേടുന്നതിന് CMA പ്രൊഫഷണലുകൾക്ക് സാമ്പത്തിക സാക്ഷരത ഒരു സുപ്രധാന കഴിവായി കണക്കാക്കുന്നു.
We’re Featured On
Recognized by leading media houses for our commitment to quality education and student success.